കിടപ്പു രോഗിയായ വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയ്ക്ക് സമീപം നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കിടപ്പുമുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സർജന്റെ മേൽനോട്ടത്തിൽ മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.
ഫോറൻസിക് വിദഗ്ധരും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും പോലീസ് അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകു എന്ന് പുളിക്കീഴ് സി.ഐ. ഇ.ഡി. ബിജു പറഞ്ഞു