മുൻവിരോധം കാരണം വയോധികദമ്പതിമാരെ മർദിച്ചയാളെ പോലീസ് പിടികൂടി. കടയാർ തടിയിൽ ബി വില്ലയിൽ ബിജോ എബി ജോൺസ് (42) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. തടിയൂർ കടയാർ കല്ലുറുമ്പിൽ വീട്ടിൽ ഏബ്രഹാം ഫിലിപ്പ് , ഭാര്യ എലിസബത്ത് എന്നിവർക്കാണ് മർദനമേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്ക് ദമ്പതിമാരുടെ വീടിനുമുന്നിലാണ് സംഭവം. പത്രം എടുക്കാൻ ചെന്ന ഏബ്രഹാമിനെ ബിജോ കളിയാക്കി. ഇത് ശ്രദ്ധിക്കാതെ പാൽ വാങ്ങാനായി പോയപ്പോൾ ഇയാൾ അസഭ്യം പറഞ്ഞുകൊണ്ട് ഇരുകവിളിലും അടിച്ചു. തടസ്സം പിടിച്ചപ്പോഴാണ് എലിസബത്തിനും മർദനമേറ്റത്. വലത്തെ തോളിൽ അടിച്ചശേഷം പിടിച്ചുതള്ളിയപ്പോൾ താഴെ വീണ് കൈയും കാലും മുറിഞ്ഞു. രക്ഷിക്കാൻ ശ്രമിച്ച ഭർതൃസഹോദരനും കമ്പിവടികൊണ്ട് കൈകളിലും പുറത്തും അടിയേറ്റു.
മർദനമേറ്റവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എച്ച്.ഒ. സജീഷ് കുമാർ, എസ്.ഐ. സുരേഷ്, എസ്.സി.പി.ഒ. മാത്യു എന്നിവരാണ് ബിജോയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.