പത്തനാട്ട് ഗാനമേളക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കറുകച്ചാൽ സ്റ്റേഷനിലെ എസ്.ഐ ജോൺസൺ, എ.എസ്.ഐ അജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലാണ്.
www.mallappallylive.com
വ്യാഴാഴ്ച രാത്രി 11.45ഓടെ പത്തനാട് കവലയിലായിരുന്നു സംഭവം. ഇവിടെ ഗാനമേളക്കുശേഷം കൂടിനിന്ന ഒരുപറ്റം യുവാക്കൾ ചേർന്ന് രാത്രി ബഹളംവെക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കറുകച്ചാൽ പൊലീസ് ലാത്തിവീശി. ലാത്തിയടിയേറ്റ് പരിക്കേറ്റ യുവാക്കളിലൊരാൾ എ.എസ്.ഐയെ അടിച്ചിട്ടു. തടയാനെത്തിയ എസ്.ഐ ജോൺസനെയും ആക്രമിച്ചു. തുടർന്ന് ഇവർ ഓടിമാറുകയായിരുന്നു. പൊലീസിന്റെ ലാത്തിയടിയേറ്റ് പരിക്കേറ്റ ഒരാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മുഖത്തും ചെവിക്കും പരിക്കേറ്റ് രക്തം വാർന്നൊഴുകിയ എ.എസ്.ഐയെ പൊലീസ് ജീപ്പിൽ തന്നെ കറുകച്ചാൽ എൻ.എസ്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.