മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത ശേഷം പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെട്ടിക്കുളങ്ങര സ്വദേശികളായ മെറിൻ (15), മെഫിൻ (18) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തോണ്ടപ്പുറത്ത് എബിൻ (24) എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു. മാരാമണ്ണിനും ആറന്മുളക്കും മധ്യേ പരപ്പുഴ കടവിലായിരുന്നു അപകടം. നാട്ടുകാരുടെയും സ്കൂബ ടീമിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ. ആഴവും ഒഴുക്കുമുള്ള ഭാഗത്ത് ഇവർ കുളിക്കാനിറങ്ങിയതായിരുന്നു. വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അപകടം.
മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് എട്ടംഗ സംഘം പമ്പയാറ്റിൽ കുളിക്കാനിറങ്ങിയത്. ഒരാൾ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേർ രക്ഷപ്പെടുത്താനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ കരയ്ക്കെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടെ ഉള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോഴേക്കും പത്തനംതിട്ടനിന്നു ഫയർ ഫോഴ്സും സ്കൂബ സംഘവും എത്തി. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.