പടുതോട് പാലത്തിൽ വിള്ളൽ. മണിമലയാറ്റിലെ പുറമറ്റം പഞ്ചായത്തിലെ പടുതോട് നിന്ന് കല്ലൂപ്പാറയിലെ തുരുത്തിക്കാട്ടേക്ക് എത്തുന്ന പാലത്തിലാണ് കോൺക്രീറ്റ് ഒരു സെന്റിമീറ്ററിലധികം വിടവുള്ള വിള്ളൽ. രണ്ട് തൂണുകൾ ഉള്ള പാലത്തിന്റെ കല്ലൂപ്പാറ കരയുടെ ഭാഗത്തെ തൂണിന് മുകളിലായാണ് വിള്ളൽ കണ്ടത്.
സ്വാഭാവികമായി കോൺക്രീറ്റിനുണ്ടാകാവുന്ന വികാസ സങ്കോചങ്ങൾ ബാധിക്കാതിരിക്കാൻ രണ്ട് ഭാഗങ്ങൾക്കും ഇടയിൽ വിടവ് ഇട്ടിട്ടുണ്ടെങ്കിലും ഇതിൽ നിന്ന് 15 സെന്റിമീറ്ററോളം മാറിയാണ് കോൺക്രീറ്റ് ഉപരിതലം പാലത്തിന്റെ പകുതി വീതിയിലധികം എത്തുന്ന തരത്തിൽ പൊട്ടിയിട്ടുള്ളത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പടുതോട് പാലത്തിൽ വൻതോതിൽ മാലിന്യം വന്ന് അടിഞ്ഞിരുന്നു. ഇത് മൂലമുള്ള കടുത്ത മർദം കാരണമാണോ പാലത്തിന്റെ ഉപരിതലത്തിൽ വിള്ളൽ വന്നതെന്ന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പടുതോട് പാലത്തിന്റെ സമീപത്തുള്ള കോമളം പാലത്തിന്റെ സമീപനപാത ഒഴുകിപ്പോയിരുന്നു.