റാന്നി- വലിയകാവ് വന അതിർത്തിയിൽ നിർമ്മലപുരം നാഗപ്പാറ പ്രദേശങ്ങളിൽ വൻ തീപിടുത്തം. വനത്തിനുള്ളിൽ നിന്നു പടർന്ന തീ സമീപപ്രദേശങ്ങളിലെ കൃഷി ഇടങ്ങളിലേക്ക് പടരുകയായിരുന്നു. ഏക്കർ കണക്കിനു പുരയിടങ്ങളിലെ റബർ മരങ്ങൾ, തെങ്ങ്, വാഴ, കപ്പ അടക്കമുള്ളവ കത്തി നശിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ തീ പടരുന്നതറിഞ്ഞ് റാന്നിയിൽ നിന്നു ഫയർഫോഴ്സ് എത്തിയെങ്കിലും സ്ഥലത്തേക്കു വാഹനം എത്താൻ കഴിയാത്തതിനാൽ തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടായി. ജനവാസ മേഖലകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് പിന്നീട് ശ്രമമുണ്ടായത്. നാഗപ്പാറ, പ്രിയദർശിനി കോളനി നിവാസികൾക്കു ജാഗ്രത നൽകി ഫയർഫോഴ്സും പോലീസും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. കൃഷിയിടങ്ങളിലെത്തി തീ പടരുന്നത് ഒഴിവാക്കാനും ശ്രമം നടത്തി.
തീ പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. വനമേഖലയിൽ തീ പടർന്നതോടെ നിരവധി കാട്ടുമൃഗങ്ങൾ ചത്തൊടുങ്ങിയതായി പറയുന്നു. മയിൽ, പന്നി, കേഴ, മാൻ, കുറുക്കൻ, കുറുനരി, കുരങ്ങ് തുടങ്ങിയവയ്ക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.