ഇന്നത്തെ പ്രധാന വാർത്തകൾ: ഒറ്റ ക്ലിക്കിൽ (24-03-2023)

ഇന്നത്തെ പ്രധാന വാർത്തകൾ: ഒറ്റ ക്ലിക്കിൽ (24-03-2023)

2023 മാർച്ച് 24, വെള്ളി | 1198 മീനം 10, അശ്വതി

  • രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. അപകീര്‍ത്തികേസില്‍ രണ്ടു വര്‍ഷം തടവിനു സൂററ്റ് കോടതി ശിക്ഷിച്ച വയനാട് എംപി രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കോടതി വിധി പ്രസ്താവിച്ച ഇന്നലെ മുതല്‍ അയാഗ്യനാണെന്നാണു വിജ്ഞാപനത്തില്‍  പറയുന്നത്. അയോഗ്യത പ്രഖ്യാപിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രാവിലെത്തന്നെ നിയമോപദേശം തേടിയിരുന്നു. രാഹുല്‍ഗാന്ധി ഇന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു. എന്നാല്‍ സഭയ്ക്കുള്ളിലേക്കു പ്രവേശിച്ചില്ല.
  • രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാരെ പോലീസ് കൈയേറ്റം ചെയ്തു. എംപിമാരെ അറസ്റ്റു ചെയ്തു. ജനാധിപത്യം അപകടത്തില്‍ എന്ന ബാനറുമായാണ് എംപിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. രാജ്യവ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.
  • സംസ്ഥാനത്തെ നെല്ലു കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ ഇരുട്ടടി.  അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് അളക്കുമ്പോള്‍ നെല്‍ വിലയിലെ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ എട്ടു രൂപ 42 പൈസ നല്‍കില്ലെന്നാണു സപ്ലൈകോയുടെ ഉത്തരവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഒരു കിലോ നെല്ലിന് 28 രൂപ 40 പൈസയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഇനി അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് സംഭരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 20 രൂപ 40 പൈസ മാത്രമേ നല്‍കൂവെന്നാണ് സപ്ലൈകോയുടെ തീരുമാനം.
  • വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനിക്കു നല്‍കാന്‍ സര്‍ക്കാര്‍ സഹകരണ കണ്‍സോഷ്യത്തില്‍നിന്ന് 550 കോടി രൂപ വായ്പയെടുക്കുന്നു. ഹഡ്കോ വായ്പ വൈകുന്നതിനാലാണ് സഹകരണ കണ്‍സോഷ്യത്തില്‍നിന്ന് വായ്പയെടുക്കുന്നത്. പണത്തിനായി അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കേ, വയബിലിറ്റി ഗ്യാപ് ഫണ്ട് കൂടി വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാനം തുടങ്ങി. പുലിമുട്ട് നിര്‍മാണ ചെലവിലേക്കു സംസ്ഥാനം നല്‍കേണ്ടത് 347 കോടി രൂപയാണ്.
  • കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
  • കോട്ടയം പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിനു വധശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. 2013 ഓഗസ്റ്റ് 28 നു രാത്രിയിലാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍നായരും (71) വീട്ടില്‍ കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു  മരണം. തങ്കമ്മയുടെ ബന്ധുവാണ് പ്രതിയായ അരുണ്‍ ശശി.
  • കണ്ണൂരില്‍ കൊവിഡ് രോഗി മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ മാധവനാണ് (89) മരിച്ചത്. മറ്റു രോഗങ്ങളും മരണ കാരണമായെന്ന് ഡിഎഒ ഡോ. നാരായണ നായക് അറിയിച്ചു.
  • ബ്രഹ്‌മപുരം തീ പിടുത്തത്തെക്കുറിച്ചും സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം സ്വീകര്യമല്ല. സോണ്‍ട കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പുകള്‍ അന്വേഷിച്ച വിജിലന്‍സ് ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. 15 തട്ടിപ്പുകളില്‍ പ്രാഥമിക അന്വേഷണം നടത്താനും വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടര്‍മാരും പ്രതികളാകും.
  • സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ബാറുകളെപോലെ ക്ലാസിഫിക്കേഷന്‍ വരുന്നു. അടുത്ത മാസം നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കും. കള്ളു വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് മദ്യനയത്തിലെ കരടില്‍ ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടുത്തിയത്.
  • കാസര്‍കോട് കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്. മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകളില്‍നിന്ന് ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ വൃത്താകൃതിയിലുള്ള ദ്വാരവുമുണ്ട്. . ചെങ്കല്ലറയ്ക്ക് 1800 ലധികം വര്‍ഷം പഴക്കമുണ്ടെന്നാണു കണക്കാക്കുന്നത്.
  • തിരുവനന്തപുരം കണിയാപുരത്ത് പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ പണം അടയ്ക്കാന്‍ എത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് പണം തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്.
  • കൊല്ലം പോരുവഴിയില്‍ സിപിഐ സംഘടനയായ കേരള റേഷന്‍ എംപ്ളോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാറിന്റെ റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ വയനാട്ടിലേക്കു സ്ഥലം മാറ്റി. കുന്നത്തൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സുജ ഡാനിയലിനെയാണ് മാറ്റിയത്. മന്ത്രി ജി.ആര്‍ അനില്‍ ഇടപെട്ട് പ്രതികാര നടപടിയെടുത്തെന്നാണ് ആരോപണം.
  • ബ്രഹ്‌മപുരത്തെ ബയോമൈനിംഗിനു കോര്‍പറേഷന്റെ അംഗീകാരമില്ലത്ത ഉപകരാറില്‍ സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന്‍ വി വിഘ്നേഷ്. ഉപകരാര്‍ ഏറ്റെടുത്ത ആരഷ് മീനാക്ഷി എന്‍വയറോ കെയറിന്റെ എംഡിയുടെ സുഹൃത്ത് എന്ന നിലയിലാണ് സാക്ഷിയായി ഒപ്പുവച്ചതെന്നാണ് വേണുഗോപാലിന്റെ വിശദീകരണം.
  • നിയവിരുദ്ധമായി മുറിച്ചു വിറ്റ കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമിയുടെ പോക്കു വരവ് കളക്ടര്‍ തടഞ്ഞു. മിച്ച ഭൂമി ഇളവു നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.
  • കോഴിക്കോട് റഷ്യന്‍ യുവതി കെട്ടിടത്തിനു മുകളില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി നല്‍കി പീഡിപ്പിച്ചെന്നും ജീവനൊടുക്കാന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടിയതാണെന്നും റഷ്യന്‍ യുവതി പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസിനോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
  • കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ നിയമ പോരാട്ടത്തിനായി കോണ്‍ഗ്രസ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്. ഭാരത് ജോഡോ യാത്രയോടെയാണ് ബിജെപി രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് വേണുഗോപാല്‍ ആരോപിച്ചു.
  • കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമപോരാട്ടത്തിന്. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അടുത്ത മാസം അഞ്ചിന് ഹര്‍ജി പരിഗണിക്കും.
  • സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി വിജയ് മല്യ രാജ്യം വിടുന്നതിനു മുന്‍പ് വിദേശത്തു 330 കോടി രൂപയുടെ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന്  സിബിഐ. ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായാണ്  സ്വത്തു വാങ്ങിയതെന്നു സിബിഐ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.
-------------------------------------------------------
  • അടുത്ത മാസം മുതല്‍ കെട്ടിട നിര്‍മാണ ഫീസ് വര്‍ധിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഫീസ് കുറവാണെന്ന് മന്ത്രി എം.ബി രാജേഷ്. നിലവില്‍ 150 ചതുരശ്ര മീറ്ററിന് 15 രൂപവരെയാണ് ഫീസ്. എത്ര വര്‍ധിപ്പിക്കണമെന്നു തീരുമാനിച്ചിട്ടില്ല. 1,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ പെര്‍മിറ്റിന് 7,500 രൂപയെങ്കിലും നല്‍കേണ്ടിവരും. 645 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു നികുതി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി രാജേഷ്.
  • തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു സമീപം സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 200 കോടി രൂപ നിക്ഷേപിച്ച് രണ്ടു ബ്ലോക്കുകളായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു ഓരോ സയന്‍സ് പാര്‍ക്കും നിര്‍മിക്കുക. അതതു പ്രദേശത്തെ യൂണിവേഴ്സിറ്റികളായിരിക്കും പ്രിന്‍സിപ്പല്‍ അസോസിയേറ്റ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തും.
  • ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള 'ഓപ്പറേഷന്‍ അരിക്കൊമ്പന്‍' ദൗത്യം 29 വരെ നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി. രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് കോടതി. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണം. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
  • പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. ഇരു സഭകളിലും പ്രതിപക്ഷവും ഭരണപക്ഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ നീക്കം നടത്തുന്നത്. രാഹുല്‍ഗാന്ധിക്കെതിരേ വിധി വന്നതോടെ സഭയില്‍ കൂടുതല്‍ ബഹളത്തിനാണു സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും സ്പീക്കര്‍ ഓം ബിര്‍ളയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
  • നിയമസഭ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളില്‍ ഒരെണ്ണം ഒഴിവാക്കി. വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച് എല്ല് ഒടിച്ചെന്ന് ആരോപിച്ചുള്ള വകുപ്പാണ് ഒഴിവാക്കിയത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
  • ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വിരുന്നു നല്‍കുന്നു. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ 47 മുതിര്‍ന്ന കേന്ദ്ര സെക്രട്ടറിമാരെയാണു കേരള ഹൗസിലെ വിരുന്നിലേക്കു ക്ഷണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും പ്രഫ. കെ.വി. തോമസും വിരുന്നില്‍ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
  • പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് ആര്‍കിടെക് വിഭാഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ജീവനക്കാരുടെ കസേരകളെല്ലാം കാലി. രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഓഫീസില്‍ എത്തിയത്. ജീവനക്കാരില്‍ പകുതി പോലും ഓഫീസില്‍ എത്തിയിരുന്നില്ല. മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇതു വൈകിയതോടെ മന്ത്രി ക്ഷുഭിനായി.
  • കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കാന്‍ അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
  • കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചു പേരേയും സസ്പെന്‍ഡു ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചാണ് കേസ്.
  • മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ സിപിഎം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ ഇയാളെ പിന്നീട് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്നും സതീശന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ യൂണിയനില്‍ പ്രവര്‍ത്തിച്ച ശശീന്ദ്രന്‍ ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലെന്നാണ് എന്‍ജിഒ യൂണിയന്‍ പറയുന്നത്.
  • കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
  • സൂറത്ത് കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണത്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നു. ഇത് കുതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെയോ കോണ്‍ഗ്രസിനെയോ തളര്‍ത്താനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
  • ഗുരുവായൂരിലെ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നു നഗരസഭ. മനുഷ്യാവകാശ കമ്മീഷനു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ചട്ടലംഘന പരാതി ഉയര്‍ന്ന ഇരുപത് കെട്ടിടങ്ങളില്‍ ഗുരുവായൂര്‍ നഗരസഭയുടെ കൈയിലുള്ളത് ഒരേ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണ അനുമതി ഫയല്‍ മാത്രം. 20 കെട്ടിടങ്ങളെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.
  • ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ സാധ്യത.
  • കള്ളു ഷാപ്പിലിരുന്നു കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനു തൃശൂരില്‍ യുവതിയെ എക്സൈസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ കള്ളു കുടിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
  • റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍ ചികിത്സയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലീസാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആണ്‍സുഹൃത്തുമായുളള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് വിവരം.
  • ഒമാന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ കുമാറിനെ നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
  • നിലമ്പൂരില്‍ പുള്ളിമാനെ വെടിവച്ചു കൊന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.
  • ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച മാരിയോണ്‍ ബയോടെക് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിംഗ് ലൈസന്‍സിംഗ് അതോറിറ്റിയാണു നടപടിയെടുത്തത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന മരുന്നുകള്‍ കഴിച്ച കുട്ടികളാണ് മരിച്ചത്.
  • സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട, ജഗതപട്ടണം, കോട്ടപ്പട്ടണം എന്നിവിടങ്ങളില്‍നിന്ന് കടലില്‍ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു.
  • ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹൈനും 50 കിലോ വിഭാഗത്തില്‍ നിഖാത് സരിനും 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസുമാണ് ഇന്ത്യക്കു വേണ്ടി മെഡലുകളുറപ്പിച്ച് ഫൈനലിലെത്തിയത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ