കാരയ്ക്കാട്-കുന്നന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ജലനിധിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത ദിവസങ്ങളിൽ ഉള്ളിൽ തന്നെ മുടങ്ങിയത്തിൽ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജലനിധിക്ക് കിണർ കുഴിക്കാതെ കാരയ്ക്കാട് ലക്ഷംവീട് കോളനിയിലെ കിണറ്റിൽ നിന്നാണ് ജലം പമ്പ് ചെയ്തിരുന്നത്. വൈദ്യുതി നിരക്ക് നൽകാതെ വന്നതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനാല്‍ പമ്പിങ് നടക്കുന്നില്ല.
ആയിരക്കണക്കിന് രൂപ ഗുണഭോക്തൃ വിഹിതം നൽകിയിട്ടും ജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുന്നന്താനം പഞ്ചായത്തിലെ മുടങ്ങിക്കിടന്ന പല ജലനിധി പദ്ധതികളും പഞ്ചായത്ത് കമ്മിറ്റിയുടെ ശക്തമായ ഇടപെടിലിൽ പുനരാരംഭിച്ചിട്ടും കാരയ്ക്കാട് മാത്രം ഇതുവരെ കമ്മിറ്റി ചേരാത്തതിൽ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹൻ മാത്യു കോഴിക്കുന്നത് അധ്യക്ഷത വഹിച്ചു.