ചികിത്സയിൽ കഴിഞ്ഞുവരവേ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട 13 കാരി കഠിനമായ ലൈംഗിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞു, കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരം വീട്ടിൽ നിന്നും തോട്ടക്കാട് ഇരവിചിറ അനിൽ കോൺ കമ്പനി പ്പടി കൊട്ടാരത്തിൽ ഫിലിപ്പ് ഔസേഫ് വക വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷിന്റെ മകൻ വിഷ്ണു സുരേഷാ(26)ണ് കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്.
പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ, കഴിഞ്ഞവർഷം സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് അവിടെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി തെളിഞ്ഞു.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞശേഷമാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെപ്റ്റംബർ അഞ്ചിന് പ്രവേശിപ്പിച്ചത്.സെപ്റ്റംബർ 9 ന് രാത്രി 9.30 ന് മരണം സംഭവിച്ചു.
അസ്വാഭാവിക മരണത്തിന് എസ് ഐ ബി എസ് ആദർശ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്ന് ബലാൽസംഗം പോക്സോ വകുപ്പുകൾ ചേർത്ത് അന്വേഷണം പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഏറ്റെടുത്തു.
കുട്ടിയുടെയും മാതാവിന്റെയും ഫോൺ കാളുകൾ പരിശോധിച്ചതാണ് കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത്. പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണിൽ നിന്നും 29 കാളുകൾ വന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണസംഘം അതിലൂടെ വിഷ്ണുവിലേക്ക് എത്തുകയായിരുന്നു.