പത്തനംതിട്ട ജില്ലയിൽ ചൂട് കൂടുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണം: ഡിഎംഒ

പത്തനംതിട്ട ജില്ലയിൽ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. 

 ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആവശ്യമെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് അഥവാ ചൂടുകുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. 

 അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപ ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണിത്. അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ, കഠിനമായ വെയില്‍ നേരിട്ട് ഏല്‍ക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞും വേഗതയിലുമുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ബോധക്ഷയം എന്നിവ സൂര്യാഘാതം മൂലമുണ്ടാകാം.

സൂര്യാഘാതമേറ്റാല്‍ എന്തു ചെയ്യണം

വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. കട്ടി കൂടിയവസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കകയോ ഫാന്‍, എസി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യുക. പൊള്ളിയഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. ധാരാളം പാനീയങ്ങള്‍ കുടിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുക.

പ്രതിരോധമാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ല എങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്തേക്ക് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും ഇളംനിറത്തില്‍ ഉള്ളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ