വിവാഹവാഗ്ദാനം ചെയ്തശേഷം, 16 കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പെട്ടി പോലീസ് പിടികൂടി. ആറന്മുള മാലക്കര പ്ലാവിൻ ചുവട് ശ്രീശൈലം വീട്ടിൽ വിഷ്ണു സുധീഷ് (24) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകലിനും, മർദ്ദനത്തിനും, കയ്യേറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്.
പെൺകുട്ടി പഠിക്കുന്ന സ്‌കൂള്‍ പരിസരത്ത് വച്ച് കാണുന്നത് പതിവായിരുന്നു, സ്കൂൾവാർഷികാഘോഷ ദിവസം ഉച്ചക്ക് ശേഷം ബൈക്കിലെത്തി വെണ്ണിക്കുളത്തേക്ക് കയറ്റികൊണ്ടുപോകുകയും ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടുകയും ആയിരുന്നു.
ഇതേ തുടർന്ന് യുവാവുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി. ഇതിൽ പ്രകോപിതനായി ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിയോടെ കോട്ടാങ്ങൽ കൊച്ചെരെപ്പ് റോഡിൽ വച്ച് പെൺകുട്ടിയെ തടഞ്ഞു നിർത്തി ഇടതു കവിളിൽ അടിക്കുകയായിരുന്നു. തുടർന്ന് മാതാവിനോപ്പം പോലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പെരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.
രാത്രി 8.15 ന് ഭാര്യാ വസതിക്ക് സമീപത്ത് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.