എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. 419,554 വിദ്യാര്‍ത്ഥികള്‍ നാളെ പരീക്ഷയ്ക്കായി എത്തും. അതില്‍ 4,19,362 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളും 192 പേര്‍ പ്രൈവറ്റ് വിദ്യാര്‍ഥികളും ആണ്. ഇതില്‍ തന്നെ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. രാവിലെ 9.30നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുക.
മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421 പരീക്ഷാ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതും. മാര്‍ച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്.
ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണയം 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടക്കുന്നത്. മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ അഞ്ച് മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.