ലൈസൻസില്ലാത്ത തോക്കുപയോഗിച്ച് വെടിവെച്ച കേസിൽ ചുങ്കപ്പാറ മണ്ണിൽ റോബിൻ കോശിയെ (41) പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് വീടിന് സമീപം ഇയാൾ രണ്ടുതവണ നിറയൊഴിച്ചതെന്ന് ബന്ധുവായ കോശി തോമസ് നൽകിയ പരാതിയിൽ പറയുന്നു. ആർക്കും പരിക്കില്ല.
തുടർന്ന് തോക്ക് വലിച്ചെറിഞ്ഞ് വീട്ടിലേക്ക് പോകുകയും ചെയ്തു. മുമ്പ് അമേരിക്കയിലായിരുന്ന ഇയാൾ പത്തുവർഷത്തോളമായി നാട്ടിലുണ്ട്.
പോലീസ് രാത്രിയിൽ നടത്തിയ തിരച്ചിലിൽ തോക്കും എട്ട് തിരകളും കണ്ടെത്തി. ഒരു തിര മാത്രം നിറച്ച് വെടിവയ്ക്കാവുന്ന നാടൻ തോക്കാണ് ഉപയോഗിച്ചത്. ഇതിന് അനുമതിപത്രം ഇല്ലാത്തതാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ റോബിനെ റിമാൻഡുചെയ്തു.