കനത്ത മഴയും കാറ്റും മല്ലപ്പള്ളി മേഖലയിൽ നാശമുണ്ടാക്കി. മരങ്ങൾ ഒടിഞ്ഞും മറിഞ്ഞും വീണ് നിരവധി വൈദ്യുത തൂണുകൾ തകർന്നു. രണ്ട് സ്കൂളുകളുടെ മേൽക്കൂരയ്ക്ക് നഷ്ടമുണ്ട്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും മുടങ്ങി. ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ് മഴ തുടങ്ങിയത്
കനത്തമഴയിൽ ചുങ്കപ്പാറ ചന്തയിലെ ഷെഡ് തകർന്നു. ഇതിനുള്ളിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ആൽബട്ട് തലനാഴിരയ്ക്ക് രക്ഷപ്പെട്ടു. കോട്ടാങ്ങൽ പഞ്ചായത്ത് വക സ്ഥലത്തുനിന്ന വട്ടമരമാണ് കടപുഴകി വീണത്. കുടുംബശ്രീ ജനകിയ ഹോട്ടലിനും നഷ്ടം ഉണ്ടായി.
തെള്ളിയൂർ പാട്ടമ്പലം സെൻട്രൽ എം.എസ്.സി. എൽ.പി.എസ്. ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ മേൽക്കൂരയ്ക്കാണ് കേട് പറ്റിയത്. തെള്ളിയൂർ സ്കൂളിന് മുകളിലേക്ക് മാവിന്റെ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. പട്ടികകളും നൂറോളം ഓടുകളും തകർന്നു. മധ്യവേനൽ അവധിക്ക് സ്കൂൾ അടച്ചെങ്കിലും അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഞായറാഴ്ച ആയതിനാൽ കൂടുതൽ അപകടം ഒഴിവായി. കീഴ്വായ്പൂര് സ്കൂളിലെ എൽ.പി.വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു.
കുറഞ്ഞൂക്കടവ്-പുറമറ്റം റോഡിൽ ഞാവൽമരം വീണ് വൈദ്യുത തൂണുകൾ ഒടിഞ്ഞു. കീഴ്വായ്പൂര്-പടുതോട് പള്ളിപ്പടി ടെമ്പിൾ റോഡിൽ ഉള്ളിരിക്കൽ ബണ്ടിന് സമീപം റബ്ബർ മരം മറിഞ്ഞ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. രണ്ടിടത്തും ഗതാഗതം മുടങ്ങി.