കുന്നന്താനം പാമല വ്യവസായ പാർക്കിലെ സെൻട്രൽ വെയർഹൗസിങ്ങ് കോർപ്പറേഷൻ ഗോഡൗണിൽ പ്രവർത്തിക്കുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ നിർത്താൻ നീക്കം.
മല്ലപ്പള്ളി, തിരുവല്ല, റാന്നി താലൂക്കുകളിലെ റേഷൻ ഡിപ്പോകൾക്ക് ഭക്ഷ്യധാന്യങ്ങളും പൊതുവിതരണത്തിനായി ആട്ടയ്ക്കുവേണ്ട ഗോതമ്പും ഇവിടെയാണ് സൂക്ഷിക്കുന്നത്. ജില്ലയിൽ മറ്റൊരിടത്തും എഫ്.സി.ഐ. ഡിപ്പോ നിലവിലില്ല. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ അതിർത്തിയിലെന്നതും റെയിൽവേ സ്റ്റേഷന്റെ സാമീപ്യവും കുന്നന്താനത്തെ പ്രത്യേകത. കോവിഡ്, പ്രളയ കാലങ്ങളിൽ റേഷൻ വിതരണം മുടങ്ങാതിരുന്നത് ഇവിടെ ഡിപ്പോ ഉണ്ടായിരുന്നതിനാലാണ്. ചാക്കിന് 4.96 രൂപ നിരക്കിൽ ആറുലക്ഷം രൂപയോളം എഫ്.സി.ഐ. വാടക കൊടുക്കുന്നുണ്ട്. ഇത് നഷ്ടമാണെന്നാണ് എഫ്.സി.ഐ. അധികൃതരുടെ വാദം.
ഡിപ്പോ നിർത്തിയാൽ ജില്ലയിലെ റേഷൻ വിതരണം താളം തെറ്റുന്നതിനുപുറമേ അൻപതോളം ചുമട്ടുതൊഴിലാളികൾക്ക് പണി നഷ്ടമാകും. അത്രയുംതന്നെ ലോറികൾക്കും ഓട്ടം ഇല്ലാതാകും. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ജനപ്രതിനിധികൾ ഇടപെടണമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. മുരളീധരൻ നായർ പറഞ്ഞു.