പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഉദ്ഘാടനം ഏപ്രില്‍ 25ന് വൈകുന്നേരം മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അസാപ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍, ഐഎസ്‌ഐഇ ഫൗണ്ടറും പ്രസിഡന്റുമായ വിനോദ് കെ ഗുപ്ത, വിഎവിഇ-എംജി നര്‍ച്വര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സമീര്‍ ജിന്‍ഡല്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവാക്കളെയും വാഹനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും ഇതില്‍ നൈപുണ്യമുള്ളവരാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ നഷ്ടം തടയാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എന്‍ജിനിയേഴ്‌സ് ഇന്ത്യയുടെ സാങ്കേതിക പങ്കാളികളായി എംജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക് എന്നിവയുടെ വ്യാവസായിക പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.