ലോട്ടറി തട്ടിൽ വിൽക്കാതെ അവശേഷിച്ച മൂന്നു ടിക്കറ്റുകളിലൂടെ നവാസിനെ തേടി ഭാഗ്യദേവതയെത്തി. ഒരെണ്ണം ഒന്നാം സമ്മാനം കൊണ്ടുവന്നപ്പോൾ മറ്റ് രണ്ടെണ്ണത്തിന് പ്രോത്സാഹന സമ്മാനങ്ങളും. തിങ്കളാഴ്ച നറുക്കെടുത്ത വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള രണ്ട് പ്രോത്സാഹന സമ്മാനങ്ങളുമാണ് മൂന്നുടിക്കറ്റുകളിലൂടെ തിരുവല്ല മാർക്കറ്റ് റോഡിൽ കച്ചവടം നടത്തുന്ന കെ.എ.നവാസിന് ലഭിച്ചത്.
തിരുവല്ല ചന്തച്ചിറയിൽ കുടുംബാംഗമായ കെ.എ.നവാസ് എട്ടുവർഷമായി ആർ.ഡി.ഓഫീസിലേക്കുളള വഴിയിൽ ടു സ്റ്റാർ ഏജൻസീസ് എന്ന പേരിൽ വ്യാപാര സ്ഥാപനം നടത്തുകയാണ്. ലോട്ടറി വില്പനയാണ് പ്രധാനം. വിൻവിൻ ലോട്ടറിയുടെ 12 ടിക്കറ്റുകളുടെ സെറ്റിൽ മൂന്നെണ്ണം ഒഴിച്ചുളളവ തിങ്കളാഴ്ച വിറ്റുപോയിരുന്നു. വർഷങ്ങളായി വാടകവീട്ടിലാണ് നവാസും ഭാര്യ സലീനയും മക്കളായ നൗഫൽ (പ്ലസ് ടു വിദ്യാർത്ഥി), അജ്മൽ (അഞ്ചാം ക്ലാസ്) എന്നിവർ കഴിയുന്നത്. പായിപ്പാട് അടുത്തകാലത്ത് വാങ്ങിയ ഭൂമിയുടെ കടബാദ്ധ്യതകൾ തീർക്കലാണ് പ്രധാനമെന്ന് നവാസ് പറഞ്ഞു.