വെണ്ണിക്കുളം വലിയതോട്ടിൽ വെട്ടിക്കൽ-പഴയ പോസ്റ്റോഫീസ് പടി പാലം പണിപൂർത്തിയാകുന്നു. 45.60 ലക്ഷം രൂപ മതിപ്പ് ചെലവിലാണ് പണി കരാർ നൽകിയിരുന്ന പാലം പണി 2022 ഫെബ്രുവരിയിൽ തുടങ്ങി എങ്കിലും പണി പല പ്രാവശ്യം മുടങ്ങിയിരുന്നു
നിലവിലുള്ള റോഡ് വന്ന് നിൽക്കുന്ന സ്ഥലത്തുനിന്ന് നേരേ അക്കരെ റാന്നി-തിരുവല്ല റോഡിലേക്കാണ് പാലം തീർത്തിട്ടുള്ളത്. ആറുമീറ്റർ വീതിയുണ്ട്. പാലം തുറന്നുകൊടുക്കുന്നതോടെ പോളിടെക്‌നിക് പടിയിൽനിന്ന് വെണ്ണിക്കുളം കവല ചുറ്റാതെ കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലെ വാലാങ്കര തിയേറ്റർപടിയിലെത്താനാകും. പ്രധാന പാതകളിൽ തടസ്സങ്ങൾ വരുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടാനുമാകും.
പുറമറ്റം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ഇവിടെ ഇരുന്നൂറോളം കുടുംബങ്ങളുണ്ട്. ഇവർക്ക് റാന്നി-തിരുവല്ല റോഡ് നേരിൽ കാണാമെങ്കിലും പാലമില്ലാത്തതിനാൽ രണ്ടരക്കിലോമീറ്റർ അധികദൂരം യാത്രചെയ്യേണ്ടി വന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ജിജി മാത്യു ഇത് മാത്യു ടി.തോമസ് എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്.