തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവന്നയാളെ ആറു മാസത്തേക്ക് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി. കുന്നന്താനം പാറനാട് കുന്നത്തുശേരില്‍ കെ.വി. അഖിലിനെ(26)യാണ് കീഴ്വായ്പൂര് പോലീസ് കരുതല്‍ തടങ്കലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ കീഴ്വായ്പൂര് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കാപ്പ നടപടിക്കായി ഈ കേസുകളാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇവകൂടാതെ ആറു കേസുകളില്‍ കൂടി പ്രതിയാണ് അഖില്‍. കീഴ്വായ്പൂര് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ ആദര്‍ശ്, എസ്സിപിഒമാരായ അന്‍സിം, മനോജ്, സജി, സിപിഒമാരായ ഷഫീക്, ടോജോ തോമസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.