കുന്നന്താനം പഞ്ചായത്ത് ഓഫീസിനു സമീപം നിയന്ത്രണംവിട്ട ഹോണ്ട അമേസ് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിമുക്തഭടൻ മരിച്ചു. മുക്കൂർ കാവുങ്കൽ കെ.എ. ബാബു(72)വാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ ഫിലോമിന പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. സൈനിക സേവനത്തിനുശേഷം സൗദി അറേബ്യയിൽ ആയിരുന്ന ദമ്പതികൾ ഏഴു വർഷം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയുമൊത്ത് തോട്ടപ്പടിയിലുള്ള കൃഷിഭവനിൽ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുന്പോഴാണ് അപകടം.
പരിക്കേറ്റ ബാബുവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ഫിലോമിന ബാബു (റിട്ട. നഴ്സ്, സൗദി അറേബ്യ) ചെങ്ങളം തോപ്പിൽ കുടുംബാംഗം. മക്കൾ: റാണി (കാനഡ), റെനി (അബുദാബി). മരുമക്കൾ: ഫിലിപ്പ്(കാനഡ), അനി (അബുദാബി).