കുടുംബപരമായി ശത്രുതയിൽ കഴിഞ്ഞുവന്നവർ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് മൂന്ന്പേർക്ക് പരിക്കേറ്റു, രണ്ടുകേസുകളിലായി മൂന്നു പ്രതികൾ അറസ്റ്റിൽ.
തെള്ളിയൂർ മാമ്പേമൺ മാനക്കുഴിയിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മാനക്കുഴി പൂവൻവാഴയിൽ ജൂബിൻ പി.രാജു (26) വാദിയായി രജിസ്റ്റർചെയ്തതാണ് ആദ്യത്തെ കേസ്. ഈ കേസിൽ അറസ്റ്റിലായ രണ്ടാംപ്രതി മാനക്കുഴിയിൽ രാജൻ (52), തന്റെ സഹോദരൻ ബാബുക്കുട്ടനുമൊത്ത് ഓട്ടോയിൽ എത്തി, സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന വടിവാളെടുത്ത് ജൂബിനെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നാണ് കേസ്. ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിന്തുടർന്ന് തേക്കുന്നത്തുവീട്ടുവക കപ്പത്തോട്ടത്തിൽ നിലത്തിട്ട് വലതുകാൽ മുട്ടിനു വെട്ടി. വലതു കൈമുട്ടിനു മുകളിലും, ചൂണ്ടുവിരലിനും ഇടതുകാൽത്തണ്ടയ്ക്ക് മുകളിലായും വെട്ടി തലയ്ക്കു നേരേയുള്ള വെട്ട്, ഒഴിഞ്ഞുമാറിയതിനാൽ കൊണ്ടില്ല, തുടർന്ന് കല്ലെടുത്ത് മുതുകത്ത് എറിയുകയും ചെയ്തതായി പറയുന്നു. രാജനെ ആശുപത്രിയിൽ കണ്ടെത്തി കോയിപ്രം പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്.
രാജന്റെ സഹോദരൻ ബാബുക്കുട്ടൻ (43) വാദിയായി എടുത്ത രണ്ടാമത്തെ കേസിൽ, പൂവൻവാഴയിൽ വീട്ടിൽ റെജിയും സിബിനുമാണ് അറസ്റ്റിലായത്. ബാബുക്കുട്ടൻ ഓടിച്ചുവന്ന ഓട്ടോറിക്ഷ ഇയാളുടെ വീടിനു മുന്നിൽ പ്രതികൾ തടഞ്ഞുനിർത്തി മർദിച്ചതായാണ് പരാതി. കല്ലെറിഞ്ഞുവീഴ്ത്തി, തുണിയിൽ കല്ല് പൊതിഞ്ഞ് ഇടിച്ചു, വെട്ടുകത്തികൊണ്ട് ഇടതുകാലിലും തലയുടെ വലതുഭാഗത്തും വെട്ടി എന്നിവയ്ക്കാണ് രണ്ടാമത്തെ കേസ്. ബാബുക്കുട്ടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കാതെ ഓട്ടോ തടയുകയും ഹെഡ് ലൈറ്റ് അടിച്ചുതകർക്കുകയുംചെയ്തു. ചികിത്സയിൽ കഴിഞ്ഞുവന്ന ഒന്നും രണ്ടും പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.