മദ്യപിച്ച് ലക്കുകെട്ട് സമീപവാസികളുമായി ഉണ്ടായ വാക്കേറ്റത്തിനിടെ ഇരുമ്പ് തൊട്ടി ഉപയോഗിച്ച് യുവാവിന്റെ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ രണ്ട് ആന പാപ്പാന്മാർ പിടിയിൽ. പായിപ്പാട് ഇല്ലത്ത് പറമ്പിൽ ഇബ്രാഹിം കുട്ടി, വാഗമൺ കോലാഹലമേട് വയലാറ്റു പറമ്പിൽ രഞ്ജിത്ത് റെജി എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി വള്ളംകുളം നന്നൂരിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നന്നൂർ മുല്ലശ്ശേരിൽ വീട്ടിൽ ആകാശി (21) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വള്ളംകുളം നാരായണൻകുട്ടി എന്ന ആനയുടെ ഒന്നാം പാപ്പാനും മൂന്നാം പാപ്പാനും ആണ് പിടിയിലായത്.
ആനയെ തളച്ച ശേഷം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇബ്രാഹിംകുട്ടിയും രഞ്ജിത്തും ചേർന്ന് ആകാശും സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതേതുടർന്ന് ഇരുമ്പ് തൊട്ടിയും വടിയും ഉപയോഗിച്ച് ഇരുവരും ചേർന്ന് ആകാശിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ആകാശിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.