നിറയെ യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെ തിരുവല്ല - അമ്പലപ്പുഴ റോഡിൽ നെടുംമ്പ്രം ജംഗ്ഷന് സമീപമായിരുന്നു അപകടം.
ആലപ്പുഴയിൽ നിന്നു തെങ്കാശി പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിലും മഴയിലും റോഡിനു സമീപം നിന്നിരുന്ന വൻമരം കടപുഴകി വീണതിനേ തുടർന്നാണ് വൈദ്യുതി പോസ്റ്റ് ബസിനു മുകളിലേക്ക് വീണത്. പോസ്റ്റ് ബസിനു മുകളിൽ വീണതോടെ വൈദ്യുതി വിതരണം നിലച്ചത് വൻ അപകടത്തിൽ നിന്നു രക്ഷയായി. നാട്ടുകാരും തിരുവല്ലയിൽ എത്തിയ അഗ്നിരക്ഷാസേനയും കൂടി മരം വെട്ടിമാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.