പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. കിഴക്കൻ മേഖലയിലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്.
വേനല്‍ മഴ ആദ്യം ലഭ്യമായ ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് ഡെങ്കിപ്പനിബാധ കണ്ടു തുടങ്ങിയത്. ഇത് ക്രമേണ ജില്ലയുടെ മറ്റു ഭാഗത്തേക്കും ബാധിച്ചു തുടങ്ങി. ഇടവിട്ടുണ്ടാകുന്ന മഴവെളളം അലക്ഷ്യമായി പുറംതള്ളിയിരിക്കുന്ന പാഴ്വസ്തുക്കളില് കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇടവിട്ടു പെയ്ത മഴയിലും ഡെങ്കിയുടെ വ്യാപനം ജില്ലയിൽ ശ്രദ്ധയിൽപെട്ടിരുന്നു.
ഡെങ്കി പരത്തുന്ന ഈഡിസ് കൊതുക് വെള്ളത്തോടു ചേർന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നതെന്നതിനാൽ ജാഗ്രത ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. തോട്ടം മേഖലകളിൽ കൊതുകിന്റെ വ്യാപനം കൂടുതലായി കണ്ടുവരുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജലദൗര്‍ലഭ്യ മേഖലയില്‍ വെളളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പ് വച്ച് അടയ്ക്കുക, മൂടി ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക, വെളളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. റഫറിജറേറ്ററിന്റെ പുറംഭാഗത്ത് വെളളം കെട്ടി നില്ക്കുന്ന ഭാഗം ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിച്ച് കൊതുക് വളരുന്നില്ല എന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത കാട്ടണം. വീടിന്റെ പരിസരത്ത് ഉളള ചെറുകാടുകളിലാണ് കൊതുക് കൂടുതലായി കാണപ്പെടുന്നത്. കാടു വളരുന്നതും ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ ചിരട്ട കമിഴ്ത്തി വയ്ക്കാനും ശ്രദ്ധിക്കണം.