ജില്ലയില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ എട്ടു വരെ 417 ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ഇത് അപകടകരമായ സ്ഥിതിയാണ്. ജില്ലയിലെ സീതത്തോട് (51 രോഗികള്‍), അരുവാപ്പുലം (44 രോഗികള്‍), തണ്ണിത്തോട് (45 രോഗികള്‍), ആനിക്കാട് (24 രോഗികള്‍) എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലായുളളത്. കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കുക എന്നതിലൂടെ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാനാകു.
നിയന്ത്രണ മാര്‍ഗങ്ങള്‍
- ജല ദൗര്‍ലഭ്യ മേഖലയില്‍ വെളളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പ് വച്ച് അടയ്ക്കുക. അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക.
- വെളളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം ഈഡിസ് കൊതുക് വെളളത്തിലല്ല വെളള നനവുളള വെളളത്തിനോട് ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്.
- വീട്ടില്‍ മണി പ്ലാന്റ് ഉള്‍പ്പെടെ വളര്‍ത്തുന്ന പാത്രങ്ങളില്‍ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുക.
- റഫ്രിജറേറ്ററിന്റെ പുറംഭാഗത്ത് വെളളം കെട്ടി നില്‍ക്കുന്ന ഭാഗം ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിച്ച് കൊതുക് വളരുന്നില്ല എന്ന് ഉറപ്പാക്കുക.
- ഉപയോഗിക്കാതെയുളള മുറികളിലെ കക്കൂസിലെ വെളളം ഇടയ്ക്കിടെ ഫ്ളഷ് ചെയ്ത് മാറ്റുക.
- സണ്‍ഷെയ്ഡില്‍ വെളളം കെട്ടി നില്‍ക്കാതെ ഒഴുക്കിക്കളയുക.
- വീടിന്റെ പരിസരത്ത് ഉളള ചെറുകാടുകളിലാണ് കൊതുക് വിശ്രമിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കുക.