വൈദ്യുതി ബോർഡിന്റെ മല്ലപ്പള്ളിയിലെ ഓഫീസുകൾക്കായി സബ്‌സ്റ്റേഷൻ വളപ്പിൽ കെട്ടിടം നിർമിച്ചു. നിലവിൽ കോട്ടയം റോഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ഡിവിഷൻ, സെക്ഷൻ ഓഫീസുകളാണ് ചെറുകോൽപ്പുഴ റോഡരികിലെ സ്വന്തം സ്ഥലത്തേക്ക് മാറുക.
ഇപ്പോൾ പ്രതിമാസം 20,000 രൂപയാണ് വാടകയായി നൽകുന്നത്. കെട്ടിടം നിർമിക്കാൻ 88,40,077 രൂപയാണ് അനുവദിച്ചത്. 238 ചതുരശ്രമീറ്റർ വിസ്താരമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്ഷനും മുകളിൽ സബ്ഡിവിഷനും പ്രവർത്തിക്കും. അസിസ്റ്റന്റ് എൻജിനീയറുടെ മുറിക്ക് പുറമെ കാർപോർച്ച്, റിസപ്ഷൻ, ക്യാഷ് കൗണ്ടർ, സ്റ്റോർ തുടങ്ങിയവയാണ് താഴെയുണ്ടാവുക. മുകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സബ് എൻജിനീയർമാർ എന്നിവർക്കും റെക്കോഡ്, റസ്റ്റ്, റവന്യു, ബിൽ എന്നിവയ്ക്കും മുറികളുണ്ടാകും.വൈദ്യുതിചാർജ് അടയ്ക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.
മല്ലപ്പള്ളി- കോഴഞ്ചേരി റോഡിൽ തിരുമാലിട പള്ളിവേട്ടയാൽ കവലയിൽനിന്ന് വലത്തേക്കുതിരിഞ്ഞ് ജി.എം.എം. ആശുപത്രി എത്തുന്നതിന് മുൻപാണ് പുതിയ ഓഫീസ്. സബ്‌സ്റ്റേഷന്റെ വശത്തെ വഴിയിലൂടെയും എത്താം. ഉദ്‌ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി ജൂൺ 26-ന് നിർവഹിക്കും. കഴിഞ്ഞവർഷം മേയ് 22-ന് മന്ത്രി തന്നെയാണ് ഇതിന്റെ നിർമാണ ഉദ്‌ഘാടനം നടത്തിയിരുന്നത്.