വീട്ടിൽക്കയറി സ്കൂട്ടറും, സ്വർണവും പണവും കവർന്ന കേസിലെ രണ്ടാം പ്രതി പിടിയിൽ. തിരുവനന്തപുരം മണമ്പൂർ പെരുംകുളം മലവിളപൊയ്ക മിഷൻ കോളനിയിൽ എം.വി.പി. വീട്ടിൽ മുഹമ്മദ് യാസിനെ (22) ആണ് വെള്ളിയാഴ്ച രാത്രി കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റുചെയ്തത്. ഒന്നാംപ്രതി ആറ്റിങ്ങൽ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിളവീട്ടിൽ കണ്ണപ്പൻ എന്നുവിളിക്കുന്ന രതീഷി(35)-നെ നേരത്തേ പിടികൂടിയിരുന്നു.
കുന്നന്താനം പാമല വടശ്ശേരിൽ വീട്ടിൽ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കൽ പുത്തൻപുരയിൽ വീട്ടിൽ കഴിഞ്ഞമാസം 13-ന് രാത്രിയിലാണ് മോഷണം നടന്നത്. അടുക്കളവാതിൽ തകർത്ത് ഉള്ളിൽക്കയറി അലമാരയിൽ സൂക്ഷിച്ച 28,000 രൂപയും 1,12,000 വിലവരുന്ന 20.50 ഗ്രാം സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്.
രതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, സുഹൃത്തും കൂട്ടുപ്രതിയുമായ യാസിനെ വീടിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
കൂടുതൽ പ്രതികളുണ്ടോ എന്നുള്ളകാര്യം അന്വേഷിച്ചുവരുകയാണ്. കൂടാതെ, കവർന്ന സ്വർണം, പണം എന്നിവ കണ്ടെടുക്കേണ്ടതുമുണ്ട്. കടയ്ക്കാവൂർ സ്റ്റേഷനിലെ മോഷണക്കേസിനുപുറമേ, അവിടത്തെ ഒരു കഞ്ചാവ് കേസിലും പ്രതിയാണ് യാസിൻ.
കീഴ്വായ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ.മാരായ ആദർശ്, സുരേന്ദ്രൻ, എ.എസ്.ഐ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ. അൻസിം, സി.പി.ഒ.മാരായ രതീഷ്, വിഷ്ണു, വരുൺ, ഇർഷാദ് എന്നിവരാണുള്ളത്.