ബസിൽ യാത്രചെയ്ത സ്ത്രീ അബോധാവസ്ഥയിലായി. ജീവനക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ചങ്ങനാശ്ശേരി-റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീലക്ഷ്മി എന്ന സ്വകാര്യ ബസിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ യാത്രിക മോഹാലസ്യപ്പെട്ടത്.
ഡ്രൈവർ കെ.എസ്.ആർ.ടി.സി. മുൻ ജീവനക്കാരൻ കൂടിയായ ഡ്രൈവർ കുളത്തൂർമൂഴി സ്വദേശി വാസുദേവൻ വണ്ടി നേരേ ജി.എം.എം. ആശുപത്രിയിലേക്ക് വിട്ടു. ഒപ്പമുണ്ടായിരുന്ന കണ്ടക്ടർ മടത്തുംചാൽ സ്വദേശി ടിറ്റോ ഇവരുടെ ബാഗിൽനിന്ന് ലഭിച്ച ഫോൺ നമ്പരിൽ വീട്ടുകാരെ വിവരം അറിയിച്ചു.
ആശുപത്രി അധികൃതരുടെ അനുമതിയോടെ മറ്റ് യാത്രക്കാരുമായി പിന്നീട് ബസ് റാന്നിക്ക് പോയി. ബസ് ഉടമയും മറ്റും പിന്നീട് ആശുപത്രിയിലെത്തിയിരുന്നു.