തനിക്കെതിരേ പോലീസിൽ പരാതിപ്പെട്ടതിന് പിതാവിന്റെ പല്ല് മകൻ വടികൊണ്ട് അടിച്ചിളക്കിയ മകൻ അറസ്റ്റിൽ. ആക്രമണത്തിൽ പിതാവിന്റെ അസ്ഥിയും പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് പിടികൂടി. ആനിക്കാട് മാരിക്കൽ നമ്പൂരയ്ക്കൽ വീട്ടിൽ വർഗീസിന്റെ മകൻ കൊച്ചാപ്പി എന്നുവിളിക്കുന്ന ലെജു വർഗീസി(47)നെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റു ചെയ്തത്.
വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്നതിന്റെ പേരിൽ ലെജുവിനെതിരേ പിതാവ് വർഗീസ്(75) പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വാശിയിൽ ആണ് വർഗീസിനെ ലെജു വീട്ടുമുറ്റത്തുവെച്ച് വടി കൊണ്ട് അടിച്ചിട്ടത്. അടിയിൽ ഇയാളുടെ മേൽച്ചുണ്ട് മുറിയുകയും മുൻവശത്തെ പല്ല് ഇളകുകയും ചെയ്തു. താഴെ വീണ പിതാവിനെ പ്രതി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പിതാവിന്റെ ഇടത് കൈക്കുഴയുടെയും വലത് കാലിലെ തള്ളവിരലിന്റെയും അസ്ഥിക്ക് പൊട്ടലുണ്ടായി.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. അടിക്കാനുപയോഗിച്ച വടി വീട്ടുമുറ്റത്ത് നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ലെജുവിനെ റിമാൻഡ് ചെയ്തു.