കാത്തിരിപ്പിനൊടുവില്‍ തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്ബ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി.
റോഡ് ഇൻഫ്രാസ്ട്രക്ചര്‍ കോര്‍പറേഷൻ കേരള ലിമിറ്റഡ് (റിക്) ഉദ്യോഗസ്ഥര്‍ റോഡിനാവശ്യമായ സ്ഥലം കണ്ടെത്തി നേരത്തെ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ഇന്നലെ സംയുക്തസംഘം ഈസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. ദീപാ ജംഗ്‌ഷൻ മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥലങ്ങളുടെ സര്‍വേ നമ്ബരുകള്‍ തിട്ടപ്പെടുത്തി മൂല്യനിര്‍ണയം നടത്തി. തിരുവല്ല മുതല്‍ ചേലക്കൊമ്ബ് വരെ രണ്ടാഴ്ചകൊണ്ട് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കും. ഇതിനുശേഷം ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കും. റോഡിന്റെ നിലവാരം ഉയര്‍ത്താൻ കിഫ്‌ബി പദ്ധതിയില്‍ 5വര്‍ഷം മുമ്ബ് 83കോടി അനുവദിച്ചിട്ടും കേസുകളും മറ്റുമായി നിര്‍മ്മാണം അനന്തമായി നീണ്ടുപോകുകയായിരുന്നു. ഏറ്റെടുക്കേണ്ട സ്ഥലം അളന്നുതിട്ടപ്പെടുത്തി സ്വകാര്യ വ്യക്തികള്‍ക്ക് 2013ലെ എല്‍.എ.ആര്‍.ആര്‍. ആക്‌ട് പ്രകാരം വിലനല്‍കി ഭൂമി ഏറ്റെടുക്കാനുമാണ് തീരുമാനം. എന്നാല്‍ സ്ഥലം അളന്നുതിട്ടപ്പെടുത്താൻ സര്‍വേയര്‍മാരുടെ സേവനം ലഭിച്ചില്ല. കഴിഞ്ഞദിവസം നടന്ന ജില്ലാവികസന സമിതിയോഗത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തത് സംബന്ധിച്ച് മാത്യു ടി.തോമസ് എം.എല്‍.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.എ.സുനിലിന്റെ നേതൃത്വത്തില്‍ റിക് എൻജിനീയര്‍മാര്‍, സര്‍വേയര്‍മാര്‍, ചെയിൻമാൻ, ഭൂമി മൂല്യനിര്‍ണയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ മുതല്‍ നടപടികള്‍ ആരംഭിച്ചത്.
റോഡ് പുനര്‍നിര്‍മിക്കുന്നതിന് സാമൂഹികാഘാത പഠനം നടത്തിയിരുന്നു. വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ നിയമവ്യവസ്ഥകളെല്ലാം പാലിച്ച് മാത്രമേ ഏറ്റെടുക്കല്‍ നടപടികള്‍ തുടരാവു എന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സാമൂഹികപഠനത്തിന് ഏജൻസിയെ നിശ്ചയിച്ചത്. പഠനംകഴിഞ്ഞു റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്.
- ഏറ്റെടുക്കുന്ന സ്ഥലം : 2.384 ഹെക്ടര്‍
- (ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് എന്നീ വില്ലേജുകളിലും കോട്ടയം ജില്ലയിലെ പായിപ്പാട്, നെടുങ്കുന്നം എന്നീ വില്ലേജുകളിലുമായി)
- റോഡിന്റെ നീളം : 20.4 കിലോമീറ്റര്‍, വീതി : 12 മീറ്റര്‍
- (7മീറ്റര്‍ വീതിയില്‍ ടാറിംഗും ഒന്നരമീറ്റര്‍ വീതം ഷോള്‍ഡറും നടപ്പാതയും)
- കിഫ്‌ബി പദ്ധതി, പദ്ധതി ചെലവ് : 83കോടി