മണിമലയാർ കരകവിഞ്ഞു. ആനിക്കാട്, കോട്ടാങ്ങൽ, മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങളിൽ വീടുകളും വഴികളും വെള്ളത്തിൽമുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം, എന്നിവിടങ്ങളിൽ വെള്ളംകയറി.
വെണ്ണിക്കുളം ഇടത്തറ കോളനി, കീഴ്വായ്പൂര് മടുക്കമൺ തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നൂറിലധികം വീടുകളിൽനിന്ന് ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. മല്ലപ്പള്ളി-ആനിക്കാട്, കീഴ്വായ്പൂര്-പടുതോട് ടെംപിൾ റോഡ് എന്നിവ മുങ്ങിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വെണ്ണിക്കുളം തിരുവല്ല റോഡിലും വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു.
കോമളം കടവിൽ കടത്തിന് ഉപയോഗിച്ചിരുന്ന വള്ളം മണിമലയാറ്റിൽ ഒഴുകിപ്പോയെങ്കിലും കല്ലൂപ്പാറയിൽ പിടികൂടി കരയ്‌ക്കെത്തിച്ചു. മല്ലപ്പള്ളി സെയ്‌ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്കൂളുകളിൽ ക്യാമ്പുകൾ തുറന്നതായി റവന്യൂവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 10 വില്ലേജുകളിലായി 11 വീടുകൾക്ക് ഭാഗിക നാശംസംഭവിച്ചു.
ബുധനാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലസംഭരണികളൊന്നും നിറയുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്ന് വലിയ ആശ്വാസമാണ്. പമ്പ, മണിമല നദികളിൽ കിഴക്കൻ വെള്ളം എത്തിയതോടെ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നിട്ടുണ്ട്. നിരണം, പെരിങ്ങര പഞ്ചായത്തുകളിലെ താഴ്‌ന്നപ്രദേശങ്ങളിൽ നദികൾ കരതൊട്ടനിലയിലായി ജലനിരപ്പ്.