യുവതിയുമായി ചങ്ങാത്തത്തിലായശേഷം ഫോണിൽ വിളിച്ച് നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായിൽ ശശി ഭാസ്കരന്റെ മകൻ ശരൺ എന്ന് വിളിക്കുന്ന ശരൺ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
ഫെബ്രുവരി മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ ഇയാൾ പീഡിപ്പിച്ചത്. യുവതിക്കു മദ്യം വാങ്ങി നൽകിയശേഷം ചിത്രങ്ങൾ പകർത്തിയെന്നും പലപ്പോഴായി പണവും ആഭരണങ്ങളും ഫോണും ഇയാൾ അപഹരിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോണിൽനിന്ന് യുവതിയുടെ ഫോട്ടോകൾ അടക്കം പോലീസ് പിടിച്ചെടുത്തു.
തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ എസ്ഐ നിത്യാ സത്യൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ശരൺ ശശിയെ തുകലശേരി ജംഗ്ഷന് സമീപത്തുനിന്നു കസ്റ്റഡിയിലെടുത്തു.