കോട്ടയം കുറവിലങ്ങാട് നടന്ന അപകടത്തിൽ മല്ലപ്പള്ളി സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. തടിയുമായി പോകുന്നതിനിടെ പഞ്ചറായ ലോറിയുടെ ടയർ മാറ്റിയിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ലോറി ഡ്രൈവറായ മല്ലപ്പള്ളി സ്വദേശിയായ നിയാസ് (29) മരിച്ചത്. റോഡരികിലിരുന്നു ടയർമാറുകയായിരുന്ന യുവാവിനെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും തടിയുമായി പെരുമ്പാവൂരിലേയ്ക്കു പോകുകയായിരുന്നു ലോറികളിൽ ഒന്ന് ടയർ പഞ്ചറായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനു സമീപം നിർത്തുകയും ഇത് കണ്ട് പിന്നാലെ എത്തിയ നിയാസ് ലോറി നിർത്തി സുഹൃത്തായ ലോറി ഡ്രൈവറെ സഹായിക്കാൻ ഇറങ്ങുകയും ആയിരുന്നു. ഈ സമയം അമിത വേഗത്തിൽ പാഞ്ഞെത്തിയ വെള്ളിമൂങ്ങ ഓട്ടോറിക്ഷ നിയാസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരുക്കേറ്റാണ് നിയാസ് മരിച്ചത്.
സംഭവ സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സംഘം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. മദ്യലഹരിയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായി റിപോർട്ടുകൾ പറയുന്നു.