രേഖകളില്ലാതെ മണ്ണ് കടത്തി എന്ന് പറഞ്ഞു പോലീസ് പിടികൂടിയ ലോറികളുടെ ഉടമ കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വണ്ടിക്ക് മുകളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു.
കുന്നന്താനം മാന്താനം ഗോപുരത്തിൽ സേതു (28) വാണ് ലോറികൾ വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യക്കൊരുങ്ങിയത്.
ഇയാളെ പോലീസുകാർ ചേർന്ന് പിടികൂടി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലാക്കി. എന്നാൽ പോലീസുകാർ മർദ്ദിച്ചെന്ന പരാതിയെത്തുടർന്ന് വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ പരിശോധനകൾ നടത്തി.
ബുധനാഴ്ച രാത്രി പതിനൊന്നോടെ കോഴഞ്ചേരി- മല്ലപ്പള്ളി റോഡിലാണ് അനധികൃതമായി പച്ചമണ്ണ് കടത്തിക്കൊണ്ടുവന്നന്നെന്ന കാരണത്താൽ എസ്.ഐ. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിങ് സഘം ടിപ്പറുകൾ കസ്റ്റഡിയിലെടുത്തത്.
തുടർ നടപടികൾക്കായി വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറിയതായി പോലീസ് അറിയിച്ചെങ്കിലും ഇവ പോലീസ് സ്റ്റേഷന് മുന്നിൽ കോട്ടയം കോഴഞ്ചേരി റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
വണ്ടികളിൽ സർക്കാരിന് റോയൽറ്റി കൊടുക്കേണ്ട പച്ചമണ്ണ് അല്ലെന്നും കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണെന്നുമാണ് വാഹന ഉടമയുടെ വാദം. എന്നാൽ, രാത്രി വൈകി ഇവ കൊണ്ടുപോയത് സംശയാസ്പദമാണെന്നും ജിയോളജി പരിശോധന നടത്തേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ നിലപാട്.