പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ കോയിപ്രം പോലീസ് കൊല്ലത്തുനിന്ന് പിടികൂടി.
കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ സിയാദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാസി (23) ആണ് പിടിയിലായത്.
പതിനാറുകാരിയായ കുട്ടിയുമായി അടുപ്പത്തിലായശേഷം, കഴിഞ്ഞവർഷം സെപ്റ്റംബർ 17-ന് ട്രെയിനിൽ തിരുവല്ലയിൽനിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയുംചെയ്തു. ഇത് എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചു.
പെൺകുട്ടി സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൊഴിരേഖപ്പെടുത്തി പ്രതിക്കെതിരേ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ.എസ്.ഐ.മാരായ സുധീഷ്, ഷിറാസ്, സി.പി.ഒ. സുജിത് പ്രസാദ് എന്നിവരാണ് സംഘത്തിലുള്ളത്.