ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം മണർകാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവർക്കെതിരേയാണ് തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് തന്നെ മദ്യം നൽകിയ ശേഷം ഹോട്ടൽ മുറിയിൽ വെച്ച് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയത്.
കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുളള ഹോട്ടലിലേക്ക് ബിനുവാണ് വിളിച്ചു വരുത്തിയത്. വിദേശത്തായിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ പരിചയം മറയാക്കിയാണ് യുവതിയെ ബിനു ഹോട്ടലിലേക്ക് വിളിച്ചത്.
മൂന്നാം നിലയിലെ സ്യൂട്ട് റൂമിൽ വച്ച് യുവതിക്ക് മദ്യം നൽകി മയക്കിയ ശേഷം ബിനുവും ഉമേഷും യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. പീഡന ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു. ഇതിനുശേഷം ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാൻ തയ്യാറായില്ല. ഇതോടെ ദൃശ്യങ്ങൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്തു. യുവതിയെ പരിചയമുള്ള ഒരാൾ വിളിച്ചാണ് ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം അറിയിച്ചത്.
ഇതോടെ ബിനുവിനെ വിളിച്ച് യുവതി പരാതി നൽകുമെന്ന് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ബിനുവും ഉമേഷും വിദേശത്തേക്ക് കടക്കുകയായിരുന്നു. സംഭവം നടന്ന് നാലാമത്തെ ദിവസമാണ് പ്രതികൾ വിദേശത്തേക്ക് പോയത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.