മല്ലപ്പള്ളിയിൽ മദ്യപിച്ച് വാഹനം ഓടിക്കാൻ സാധിക്കാത്തവിധം അബോധാവസ്ഥയിൽ കണ്ട സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം സ്വദേശി കോട്ടാങ്ങൽ കുളത്തൂർ നെല്ലിക്കൽ വീട്ടിൽ സുധികുമാറാണ് (32) കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്. <
കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലപ്പള്ളി- തിരുവല്ല റോഡിൽ ഇസാഫ് ബാങ്കിന്റെ മുന്നിലാണ് മദ്യപിച്ച് അബോധാവസ്ഥയിൽ സ്റ്റിയറിംഗിനു മീതേ തലവച്ച് ലക്കുകെട്ടനിലയിൽ ഇയാളെ കണ്ടത്. മല്ലപ്പള്ളിയിൽനിന്നും തിരുവല്ലയ്ക്കു പുറപ്പെട്ടതായിരുന്നു ബസ്.
ഇതുവഴിവന്ന കീഴ്വായ്പൂര് എസ്ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം ആൾക്കൂട്ടം കണ്ട് നിർത്തി അന്വേഷിച്ചപ്പോഴാണ് ബസ് ഓടിക്കാൻ കഴിയാത്ത നിലയിൽ ഡ്രൈവറെ പിടികൂടിയത്. സ്ഥലകാലബോധമില്ലാതെ പെരുമാറിയ ഇയാളെ ബ്രീത് അനലൈസർ ടെസ്റ്റ് നടത്തി മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
13 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെട്ടപ്പോൾ അസ്വാഭാവികത തോന്നിയതിനാൽ യാത്രക്കാർ ബഹളം വച്ചിരുന്നു. പോലീസ് സംഘം യാത്രക്കാരെ സൗകര്യപ്രദമായ മറ്റു വാഹനങ്ങളിൽ കയറ്റിവിട്ടശേഷം, ബസ് കസ്റ്റഡിയിലെടുക്കുകയും, ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇയാൾക്കെതിരേ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. എസ്ഐ പ്രസാദ്, എഎസ്ഐ അജു, എസ്സിപിഒ സജി ഇസ്മായിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.