പരുമല പെരുന്നാള്‍ പ്രമാണിച്ചു ഇന്നു മുതല്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിയുടെ വടക്ക് - കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമേ പള്ളിപരിസരത്തേക്ക് പ്രവേശനം അനുവദിക്കൂ. പുറത്തേക്കുള്ള വഴി പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിനു സമീപമുള്ള നാലാം നമ്പര്‍ ഉള്‍പ്പടെയുള്ള ഗേറ്റുകളിലൂടെ മാത്രമായിരിക്കും. ഈ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
പള്ളി വളപ്പില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് ഒപ്പമുള്ള അലങ്കരിച്ചവ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പള്ളി പള്ളി വളപ്പിനു പുറത്ത് ഒന്നാം ഗേറ്റിനു എതിര്‍വശത്തായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്‌ഥലത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.
കബറിടത്തിലേക്ക് ബാഗുകള്‍, ലോഹനിര്‍മിത ബോക്‌സുകള്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കുകയില്ല. ഇവ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കുവാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം. സംഘങ്ങളായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സംഘാടകര്‍ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണം. പോലീസ് അധികാരികളുടെയും അംഗീകൃത വളന്റിയര്‍മാരുടെയും സെക്യൂരിറ്റി ഉദ്യോഗസ്‌ഥരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ റവ.കെ.വി. പോള്‍ റമ്പാന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.