പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബന്ധു വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ് വീട്ടിൽ സുജിത് (24) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയെ കാണാതായിരുന്നു, സ്‌കൂളിലേക്ക് പോയ കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. പൊലീസ് ഇൻസ്പെക്ടർ യു രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുമൊത്ത് പെൺകുട്ടിയെ കണ്ടെത്തി.
അത്തിക്കയം, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും മറ്റുമുള്ള സിസിടിവി പരിശോധിച്ചപ്പോൾ ഇരുവരും അത്തിക്കയം റോഡിലൂടെ നടന്നു പോകുന്നത് കണ്ടു. തുടർന്ന്, ഇവർ ഓട്ടോയിൽ കയറി പൂവന്മലയിലെത്തി. അവിടെ നിന്നും തിരുവല്ലയ്ക്ക് പോകുന്ന പിക് അപ്പ് വാനിൽ കയറിയപ്പോൾ ഡ്രൈവർക്ക് സംശയം തോന്നി തീയാടിക്കൽ വണ്ടി നിർത്തി. അവിടെയിറങ്ങിയ ഇരുവരും ഇടത്രാമൺ എത്തി ഓട്ടോറിക്ഷയിൽ കയറി പുതവഴി വാളൻപടിയിൽ ഇറങ്ങി മറ്റൊരു പിക് അപ്പ് വാനിൽ കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ ഒരു ഫേസ്‌ബുക്ക് പേജിൽ ഇവർ പോകുന്നത് സംബന്ധിച്ച് സന്ദേശം വന്നതായും പൊലീസ് കണ്ടെത്തി.
തീയാടിക്കല്‍, ഇടത്രാമണ്‍, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ അമ്മയും മറ്റും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പ്രതിയുടെ താമസ്ഥലത്തുനിന്നും കണ്ടെത്തിയത്. തിരുവല്ലയിലുള്ള യുവാവിന്റെ ബന്ധുവീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമായി. പിന്നീട് പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിനാല്‍ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ്‌ഐ റെജി തോമസ്, എഎസ്ഐ അച്ചൻകുഞ്ഞ്, എസ്.സി.പി.ഓമാരായ സുഷമ കൊച്ചുമ്മൻ, ആശ ഗോപാലകൃഷ്ണൻ, നെൽസൻ, അജിത്, സി.പി.ഓമാരായ ശരത്, വിഷ്ണു, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.