തിരുവല്ല ടി.കെ. റോഡിലെ കറ്റോട് ജംഗ്ഷനു സമീപം കാറും ടോറസും കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു വയസുകാരൻ മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശേരിൽ അബിൻ വർഗീസ് - കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെ മരിച്ചത്.
കറ്റോട് ജംഗ്ഷനു സമീപം കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു അപകടം. കവിത ഓടിച്ചിരുന്ന കാറിൽ ടോറസ് ഇടിച്ചതിനെത്തുടർന്ന് കാർ തലകീഴായി മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ചുവീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
കവിതയ്ക്കും അമ്മ ജെസിക്കും പരിക്കേറ്റിരുന്നു. തിരുവല്ലയിൽനിന്നു ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. കവിതയുടെ പരിക്ക് ഗുരുതരമല്ല. അവർ ആശുപത്രി വിട്ടു. കവിതയുടെ മാതാവ് ജെസി ചികിത്സയിൽ തുടരുകയാണ്.