തിരുവല്ല - മല്ലപ്പള്ളി റോഡിൽ ദീപ ജംക്‌ഷനിലെ കലുങ്ക് തകർന്നു റോഡിന്റെ മധ്യഭാഗത്ത് വലിയ ഗർത്തമായി മാറി. റോഡിന്റെ ഇരുവശത്തും കലുങ്ക് വൃത്തിയാക്കാനായി 6 മാസം മുൻപു പൊളിച്ചിട്ടത് അതേ നിലയിൽ ഇപ്പോഴും കിടക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചു.
40 വർഷത്തോളം പഴക്കമുള്ള ഈ കലുങ്ക് പൊളിച്ചു നിർമിക്കുന്നതിന് 25 ലക്ഷം രൂപയുടെ പ്രവൃത്തി കരാർ നൽകിയെങ്കിലും ഇതുവരെ പണികൾ ഒന്നും തുടങ്ങിയിട്ടില്ല. റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പ്രധാന പൈപ്പുലൈനുകളും ബിഎസ്എൻഎല്ലിന്റെ ശബരിമലയിലേക്കുള്ള വാർത്താവിനിമയ ലൈനുകളും കിടക്കുന്നതിനാൽ ഇവയൊക്കെ മാറ്റിയശേഷമേ കലുങ്കിന്റെ പണി തുടങ്ങാൻ കഴിയുകയുള്ളു.
മഴക്കാലത്തു വെള്ളം കലുങ്കിന്റെ അടിയിൽ കൂടി ഒഴുകിപോകാതെ റോഡിലും സമീപത്തെ കടകളിലും കയറിയതോടെ 5 മാസം മുൻപ് പൊതുമരാമത്ത്, നഗരസഭ, ഫയർ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ കലുങ്കിന്റെ ഇരുവശവും പൊളിച്ച് വെള്ളം പമ്പു ചെയ്ത് തടസ്സങ്ങൾ നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.