കുന്നന്താനത്ത് മോഷണശ്രമം പതിവായതോടെ നാട്ടുകാർ സംഘടിച്ച് രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കുവാനും പരിചയമില്ലാത്തവരെ നിരീക്ഷിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അദ്ധ്യക്ഷയായിരുന്നു. കീഴ്വായ്പൂർ പൊലീസ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.
കഴിഞ്ഞ ഒരാഴ്ചയായി കുന്നന്താനം നിവാസികളുടെ ഉറക്കം കെടുത്തുന്നത് മാരകായുധങ്ങളുമായി എത്തുന്ന മോഷണ സംഘമാണ്. വീടുകളുടെ വാതിൽ തകർത്ത് മോഷണം നടത്താനുള്ള ശ്രമമാണ് ഇവർ നടത്തിയത്. സ്ത്രീകൾ മാത്രമുള്ളതും വൃദ്ധദമ്പതികൾ താമസിക്കുന്നതുമായ വീടുകളിലാണ് മോഷണശ്രമം നടന്നത്.
കഴിഞ്ഞ മാസം 27നാണ് കുന്നന്താനം - മാന്താനം റോഡിൽ പാടത്തിന് സമീപമുള്ള പ്രദേശങ്ങളിൽ മോഷണസംഘം ആദ്യം എത്തിയത്. റിട്ട.കോളേജ് അദ്ധ്യാപകരായ പാറയ്ക്കൽ പി.കെ.രാജശേഖരൻ നായരുടെയും സീതാലക്ഷ്മിയുടെയും വീട്ടിൽ മോഷണ ശ്രമം ഉണ്ടായി. അടുക്കളവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ കറുത്ത കൈലി ഉടുത്ത് ഒരാൾ അടുക്കള വാതിലിലും മറ്റൊരാൾ വെള്ളമുണ്ട് ഉടുത്ത് മുറ്റത്തെ അരമതിലിനു സമീപവും നിൽക്കുന്നതാണ് കണ്ടത്. ബഹളം വച്ചതോടെ ഇവർ മടങ്ങി.
തുടർന്ന് സമീപത്തെ കൊച്ചുപുരയ്ക്കൽ വീട്ടിലും സംഘമെത്തി അടുക്കളവാതിലിന്റെ ഓടാമ്പൽ കുത്തിപ്പൊളിച്ചു. ഇവിടെയും വീട്ടുകാർ ഉണർന്നപ്പോൾ സംഘം കടന്നു. തുടർന്ന് നടുപ്പറമ്പിൽ ഭാഗത്ത് രണ്ടു വീടുകളിലും വയല കുരിശിനടുത്തുള്ള വീട്ടിലും മോഷണശ്രമമുണ്ടായി. മൂന്നു ദിവസത്തിനുശേഷവും പാറയ്ക്കൽ പാറനാട്ട് ഭാഗത്തുള്ള വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ സംഘമെത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ഇവിടെ നിന്നും കടന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് കീഴ്വായ്പൂർ പൊലീസെത്തി നിരീക്ഷണം നടത്തി. സി.സി ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്.