ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വെണ്ണിക്കുളത്തു നിർമിച്ച കാത്തിരിപ്പുകേന്ദ്രം തകർത്ത കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. യുഡിഎഫ് വെണ്ണിക്കുളത്തു നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമം കൈയിലെടുത്ത് എന്ത് അക്രമപ്രവർത്തനങ്ങളും നടത്താനുള്ള ലൈസൻസ് മാർക്സിസ്റ്റ് പാർട്ടി അണികൾക്ക് നൽകിയിരിക്കുകയാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് പോലീസ് നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ക്രമസമാധാന തകർച്ചയും നിയമലംഘനവും സംസ്ഥാനത്ത് ഉടനീളം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, മലേത്ത് സരളാദേവി, യുഡിഎഫ് നേതാക്കളായ കുഞ്ഞുകോശി പോൾ, റെജി തോമസ്, കെ. ജയവർമ, കോശി പി. സക്കറിയ, എബി മേക്കരിങ്ങാട്ട്, വിനീത് കുമാർ, തോമസ് തമ്പി, രാജേഷ് സുരഭി എന്നിവർ പ്രസംഗിച്ചു.