മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മോഷണം നടത്തി ആർഭാട ജീവിതം നയിച്ചിരുന്ന പന്തളം കുളനട സ്വദേശി ഉളനാട് മോഹന (38)നെ കീഴ്‌വായ്പൂര് നെയ്തേലിപ്പടിയിൽ കീഴ്വായ്‌പൂര് പോലീസ് പിടികൂടി.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്സൺ സാമുവേലും ഷജിലും ഒരുമിച്ച് വൈകുന്നേരം ബൈക്ക് പട്രോളിങ് നടത്തുമ്പോൾ നെയ്‌തേലിപ്പടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇയാൾ ഉറങ്ങിക്കിടക്കുന്ന നിലയിൽ കണ്ടു. ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്ത് ഒതുക്കിവെച്ചിരുന്ന ബൈക്ക് കണ്ടെത്തി. ബൈക്കിന്റെ വിലാസം പരിശോധിച്ചപ്പോൾ മറ്റൊരാളുടേതെന്ന് മനസ്സിലായി.
ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ചെങ്ങന്നൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി മല്ലപ്പള്ളിക്ക് വന്നതാണെന്ന് പറഞ്ഞു. ചെങ്ങന്നൂർ പോലീസ് എത്തി ഏറ്റുവാങ്ങി. മൂന്നുമാസംമുമ്പാണ് മോഹനൻ ജയിലിൽനിന്നിറങ്ങിയത്.