റാന്നി കീക്കൊഴൂരിന് സമീപം നിയന്ത്രണംവിട്ടകാർ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡരികിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ കീക്കൊഴൂർ ഈസ്റ്റ് മുതുമരത്തിൽ തോമസ് ജോണിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.
ചൊവ്വാഴ്ച രാവിലെ 10.45 ഓടെ റാന്നി-കോഴഞ്ചേരി റോഡിൽ കീക്കൊഴൂർ സമരമുക്കിനാണ് അപകടം. റാന്നിയിൽ നിന്നും കീക്കൊഴൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു. സമീപമുള്ള കെട്ടിടത്തിന്റെ തൂണും കാറിടിച്ച് തകർന്നു. ഇവിടെയുണ്ടായിരുന്ന സ്‌കൂട്ടറിലും കാറിടിച്ചു.