കോട്ടാങ്ങൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന്‍റെ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം താലൂക്ക് ഓഫീസിൽ വച്ചു ചേര്‍ന്നു.
കോട്ടാങ്ങൽ പടയണി ഉത്സവം മികച്ച രീതിയിലും പിഴവില്ലാതെയും ജനങ്ങളുടെ സുരക്ഷ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നതിനും യോഗം തീരുമാനിച്ചു.
റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ അദ്ധ്യക്ഷത വഹിച്ചു.ആര്‍.ഡി.ഒ സഫ‌്ന നസറുദ്ദീൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, മല്ലപ്പള്ളി തഹസിൽദാർ പി.ഡി മനോഹരൻ, ഭൂരേഖാ തഹസിൽദാർ പി.ഡി സുരേഷ്‌കുമാർ, കോട്ടാങ്ങൽ ദേവസ്വം ഭാരവാഹികളായ സുനില്‍ വെള്ളിക്കര,ടി സുനില്‍,രാജശേഖരന്‍ നായര്‍,അനീഷ് ചുങ്കപ്പാറ,കെ.കെ.ഹരികുമാര്‍,വാസുകുട്ടന്‍ നായര്‍,എം.ആര്‍ സുരേഷ് കുമാര്‍,മഞ്ജുഷ കുമാരി,അരുണ്‍ കൃഷ്ണ,അഖില്‍ എസ്.നായര്‍,ജെസീലാ സിറാജ്,സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പടയണിയുടെ സുഗമമായ നടത്തിപ്പിന് തഹസില്‍ദാര്‍ കോര്‍ഡിനേറ്ററും, വില്ലേജ് ഓഫീസര്‍ കണ്‍വീനറുമായി റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കും.പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപണിയും കാടുകള്‍ വെട്ടിമാറ്റുന്നതിനും തീരുമാനിച്ചു.
ഗതാഗത വകുപ്പ് മല്ലപ്പള്ളി,റാന്നി,പൊന്‍കുന്നം എന്നിവിടങ്ങളില്‍ നിന്നും ബസു സര്‍വ്വീസുകള്‍ ആരംഭിക്കും. ജനുവരി 17,18 തീയതികളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംങ് സംവിധാനവും മല്ലപ്പള്ളി ജോയിന്‍റ് ആര്‍.ടി.ഓയുടെ നേതൃത്വത്തില്‍ ഒരുക്കും.
പടയണി തുടങ്ങുന്ന 11മുതല്‍ 18 വരെ ആവശ്യമായ പൊലീസുകാരെ നല്‍കാനും പ്രധാന സ്ഥലങ്ങളില്‍ പൊലീസ് എയ്ഡ്പോസ്റ്റ് ഒരുക്കുന്നതിനും തീരുമാനിച്ചു.കൂടുതല്‍ വനിതാ സിവില്‍ പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കുന്നതിന് പെരുമ്പെട്ടി എസ്.എച്ച്.ഓയ്ക്ക് നിര്‍ദേശം നല്‍കി.
മെഡിക്കല്‍ സേവനം നല്‍കുന്നതിന് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്‍റെ സേവനവും ആംബുലന്‍സ് സൗകര്യവും ഉറപ്പു വരുത്തും. വൈദ്യുതി വകുപ്പിന്‍റെ കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പടയണി ദിവസം വൈദ്യുതി വിതരണം ഉറപ്പുവരുത്തും. അഗ്നിശമന സേനയുടെ സേവനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപാനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നതിനും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പ് റാന്നി ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു. പടയണി സമാപന ദിവസങ്ങളില്‍ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. ഉത്സവ സ്ഥലത്ത് ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിന് എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി.
പ്രദേശത്തെ വഴി വിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ഹരിതകര്‍മ്മ സേനയുടെ സേവനം ഉറപ്പാക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നടപ്പിലാക്കുന്നതിനും കോട്ടാങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉത്സവ ദിവസങ്ങളില്‍ തടസമില്ലാത്ത രീതിയില്‍ ശുദ്ധജല വിതരണം ഉറപ്പു വരുത്തുന്നതിനും പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ 6ന് ജലഅതോറിറ്റി അധികൃതരുടെ യോഗം പഞ്ചായത്തില്‍ ചേരാനും തീരുമാനിച്ചു.
11 മുതല്‍ 18 വരെ ക്ഷേത്രത്തില്‍ നടക്കുന്ന പടയണി ചടങ്ങുകള്‍ കോട്ടാങ്ങല്‍,കുളത്തൂര്‍ കരക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.