റാന്നി പമ്പ നദിയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരൻ്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ റാന്നി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ആദ്യം ഗൗതമാണ് ഒഴുക്കിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. പെയിൻറിങ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും നിരഞ്ജന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.