പത്തനംതിട്ട ജില്ലാപഞ്ചായത്തും ക്ലീൻ കേരള കമ്പനിയുംചേർന്ന് കുന്നന്താനം പാമല കിൻഫ്രാ പാർക്കിൽ നിർമിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണകേന്ദ്രത്തിൽ ആധുനിക യന്ത്രങ്ങൾ ഉടൻ തന്നെ സ്ഥാപിക്കും.
ജില്ലാപഞ്ചായത്ത് അധികാരികളും ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥരും പ്ലാന്റ് പരിശോധിച്ച് പുരോഗതി വിലയിരുത്തി. ഫാക്ടറി പ്രവർത്തന സജ്ജമാകുന്നതോടു കൂടി ഹരിതകർമസേന ശേഖരിച്ച് തരംതിരിച്ച പ്ലാസ്റ്റിക് ഇവിടെ സംസ്കരിക്കാനാകും. അഞ്ച് ടൺ ആണ് പ്രവർത്തനശേഷി. കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതി ഭാഗമായാണ് നടപ്പാക്കുക.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന ആദ്യത്തെ പാഴ്‌വസ്തു സംസ്കരണ ഫാക്ടറിയാണ് ഇതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പ്ലാസ്റ്റിക് പെല്ലറ്റാക്കി മാറ്റുകയാണ് ആദ്യം ചെയ്യുക തുടർന്ന് മറ്റ് ഉത്‌പന്നങ്ങൾ നിർമിക്കാൻ തുടങ്ങും.