പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു



പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി എസ്. പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു. വൈകുന്നേരം മൂന്നരയോടെ കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 3.45 കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എ. ഷിബു  പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറിന് ചുമതല കൈമാറി.

തെരഞ്ഞെടുപ്പ്, ടൂറിസം, തീര്‍ഥാടനം, പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ എല്ലാ പ്രധാന മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കുമെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് പ്രത്യേക മുന്‍തൂക്കം നല്‍കുമെന്നും ജനങ്ങളും ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ടൂറിസം വകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ അധിക ചുമതലയും നിര്‍വഹിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണന്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍, മലപ്പുറം ജില്ലാ വികസന കമ്മീഷണര്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍  മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.

ബിടെക് ബിരുദധാരിയായ ഇദ്ദേഹം ഇന്‍ഫോസിസിലും ബിഎസ്എന്‍എലിലും എന്‍ജിനീയറായി  ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ  അഞ്ജു ശിവദാസ് ആണ് ഭാര്യ. മകള്‍ വൈഗ കൃഷ്ണ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദേഹം ചുമതല ഏറ്റെടുക്കാനെത്തിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ