വായ്പൂരിൽ അടച്ചിട്ട വീടിനുള്ളിൽ വയോധിക ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമല ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഏതാനും ദിവസങ്ങളായി ഇവരെ പുറത്തു കാണാനില്ലായിരുന്നു. വീട് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട കോട്ടങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോൾ സംഭവം പുറത്തറിയുന്നത്. ആദ്യം കുൽസു ബീവിയുടെയും പിന്നീട് ഹൈദ്രോസിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ചുവിറ്റും മറ്റുള്ളവരുടെ സഹായത്തിലുമാണ് ഇവർ കഴിഞ്ഞിരുന്നത്.